Monday, November 25, 2024

‘രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കാതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകും’; സുപ്രീംകോടതി

രാഷ്ട്രീയത്തില്‍ മതം കലര്‍ത്താതിരുന്നാല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാകുമെന്ന് സുപ്രീംകോടതി. രാഷ്ട്രീയവും മതങ്ങളും വേര്‍തിരിച്ച് കാണണം. നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന നിമിഷം വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലാതാവുമെന്നും കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാന അധികാരികള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

രാഷ്ട്രീയക്കാര്‍ മതത്തില്‍ രാഷ്ട്രീയം കലര്‍ത്തുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. രാഷ്ട്രീയവും മതവും വേര്‍തിരിക്കുന്ന നിമിഷം ഇത് അവസാനിക്കും. രാഷ്ട്രീയക്കാര്‍ മതം ഉപയോഗിക്കുന്നത് നിര്‍ത്തുമ്പോള്‍ ഇതെല്ലാം അവസാനിക്കും. മതത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് അപകടകരമാണെന്ന് തങ്ങള്‍ അടുത്തിടെ നടത്തിയ വിധി പ്രസ്താവനത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് ജോസഫ് കൂട്ടിച്ചേര്‍ത്തു. ടിവിയിലും പൊതുവേദികളിലും ഉള്‍പ്പെടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ വിവാദ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. മറ്റുളളവരെ അപകീര്‍ത്തിപ്പെടുത്തില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്തുകൊണ്ടാണ് പ്രതിജ്ഞയെടുക്കാന്‍ സാധിക്കാത്തതെന്നും ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും അടല്‍ ബിഹാരി വാജ്പേയിയുടെയും പ്രസംഗങ്ങള്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പരാമര്‍ശിച്ചു. ഇവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാനായി നിരവധി ജനങ്ങള്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News