Sunday, November 24, 2024

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് 2 ന് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും.

ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവല്‍ 34-ആം വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പി എ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

മധ്യവര്‍ഗ്ഗ കേരളീയപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികള്‍ ശ്രദ്ധേയങ്ങളാണ്. ‘നാര്‍മടിപ്പുടവ’ എന്ന നോവലില്‍ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ‘ദൈവമക്കള്‍’ എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്തിത വര്‍ഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

 

 

Latest News