കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധന, സെസ് ഈടാക്കല്‍ എന്നിവ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജനങ്ങളെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. ഗാര്‍ഹിക, ഗതാഗത, വിനോദ, ആഡംബര മേഖലകളില്‍ വന്‍വിലക്കയറ്റമാണുണ്ടാകുക.
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും. പെട്രോളിനും ഡീസലിനും നിരക്കുയരുന്നത് ചരക്കു ഗതാഗത ചെലവ് വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമാകും. ഇതോടെ ഗാര്‍ഹികച്ചെലവുകളും കുത്തനെ ഉയരും.
വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം അനുസരിച്ച് ഭൂമിയുടെ ന്യായവില 20 ശതമാനം വരെ വര്‍ധിക്കും. ഇതനുസരിച്ച് രജിസ്ട്രേഷന്‍ ഫീസിലും വര്‍ധനയുണ്ടാകും. കോര്‍ട്ട് ഫീ സ്റ്റാംപ്, ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂട്ടും. രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിങ് നിര്‍ബന്ധമാക്കും. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിക്കും.
പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെയും നികുതി കൂടും. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനം വര്‍ധനയാണ് നാളെ മുതല്‍ സംഭവിക്കുക. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസും വര്‍ധിക്കും.
ഇരുചക്രവാഹനം – 100 രൂപ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ – 200 രൂപ, മീഡിയം മോട്ടോര്‍ വാഹനം 300 രൂപ, ഹെവി മോട്ടോര്‍ വാഹനം 500 രൂപയും വര്‍ധിക്കും. ഇറക്കുമതി ചെയ്ത ആഡംബരകാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റംസ്ഡ്യൂട്ടി 60 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 30 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 50 രൂപ നിരക്കിലും വര്‍ധനയുണ്ടാകും. കേന്ദ്രം സിഗരറ്റിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. സിഗരറ്റിന് 16 ശതമാനം നികുതി വര്‍ധനയാണ് സംഭവിക്കുക.