Monday, November 25, 2024

ഫിൻലൻഡിന്റെ നാറ്റോ അംഗത്വം: ഔദ്യോഗിക നടപടി ക്രമങ്ങൾ അടുത്തയാഴ്ച പൂർത്തിയാകും

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ നാറ്റോയില്‍ ഫിൻലൻഡിന്റെ അംഗത്വം തുര്‍ക്കി അംഗീകരിച്ചു. ഇതോടെ നാറ്റോയില്‍ അംഗത്വം സ്വീകരിക്കുന്ന 31-ാമത്തെ രാജ്യമായി ഫിന്‍ലന്‍ഡ് മാറും. അടുത്തയാഴ്ചയോടെ പ്രവേശനത്തിനുള്ള നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തത്തില്‍ ഫിൻലൻഡും അയല്‍ രാജ്യമായ സ്വീഡനും കഴിഞ്ഞ മേയിലാണ് നാറ്റോയിൽ ചേരാൻ തീരുമാനിച്ചത്. അയല്‍ രാജ്യമെന്ന നിലയില്‍ യുക്രൈനു ശേഷം ഫിൻലൻഡിനെ കീഴടക്കാന്‍ റഷ്യ പദ്ധതിയിടുമോയെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു നീക്കം. നാറ്റോയില്‍ അംഗത്വം സ്വീകരിക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളുടെയും അനുമതിയും ആവശ്യമാണ്. ഇരു രാജ്യങ്ങളുടേയും അംഗത്വത്തിനുളള അപേക്ഷ ജൂണിലെ സഖ്യ ഉച്ചകോടിയിൽ സ്വീകരിച്ചെങ്കിലും തുര്‍ക്കിയും ഹംഗറിയും ഫിന്‍ലന്‍ഡിനെതിരെ രംഗത്തെത്തി.

ഇതോടെ അനിശ്ചിതത്വത്തിലായ പ്രവേശനം തുര്‍ക്കിയുടെ അംഗീകാരത്തിനായി നാറ്റോ വിടുകയായിരുന്നു. പിന്നാലെ തുര്‍ക്കിയിലെത്തിയ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി. ഇതേ തുടര്‍ന്നാണ് ഫിന്‍ല‍ന്‍ഡിനെ നാറ്റോയില്‍ പ്രവേശിപ്പിക്കാന്‍ തുര്‍ക്കി അനുകൂല നിലപാട് സ്വീകരിച്ചത്.

“ഫിൻലൻഡിന്റെ പ്രവേശനം പൂർത്തിയാക്കാൻ തുർക്കിയിലെ ഗ്രാൻഡ് നാഷണൽ അസംബ്ലിയുടെ വോട്ടിനെ ഞാൻ സ്വാഗതം ചെയ്യുന്നു,” വോട്ടെടുപ്പിന് ശേഷം നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബെർഗ് ട്വീറ്റ് ചെയ്തു. എതാനും നടപടി ക്രമങ്ങൾ മാത്രം അവശേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News