സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതിനായി മൂന്ന് മാസം കൂടി സമയം നീട്ടിനല്‍കി ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്‍സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതി വിധി. ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള എച്ച്യുഐഡി നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കാനാവില്ല എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചിരുന്നു.
പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിങ് ഉളള ആഭരണങ്ങള്‍ ഇപ്പോഴും മിക്ക സ്ഥാപനങ്ങളിലും സ്റ്റോക്കുണ്ടെന്നും ഇവയിലുളള മുദ്ര മായ്ച്ച് എച്ച്യുഐഡി നമ്പര്‍ പതിപ്പിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ മുദ്ര മായ്ച്ച് കളഞ്ഞ് പുതിയത് പതിപ്പിക്കുമ്പോള്‍ ഓരോ ആഭരണത്തിനും രണ്ട് മുതല്‍ അഞ്ച് മില്ലിഗ്രാം സ്വര്‍ണം വരെ നഷ്ടമുണ്ടാകുന്നുവെന്നും വ്യാപാരികള്‍ വ്യക്തമാക്കി. എച്ച്യുഐഡി വന്നതോടെ സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ പുതിയ മുദ്ര പതിപ്പിച്ച സ്വര്‍ണം ചോദിച്ചാണ് എത്തുന്നത്. ഇത് പഴയ മുദ്രയുളള സ്വര്‍ണാഭരണങ്ങള്‍ വിറ്റ് പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഏറ്റവുമധികം ഹാള്‍മാര്‍ക്കിങ് സെന്ററുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ മാത്രം ഇനിയും ഏതാണ്ട് 50 ശതമാനത്തോളം ആഭരണങ്ങളില്‍ പഴയ മുദ്രയാണുളളത്.
പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിങ് നമ്പറിന് പകരം ആറക്ക എച്ച്യുഐഡി നമ്പറാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് ഗ്രാമില്‍ താഴെയുളള ആഭരണങ്ങള്‍ക്ക് ഇത് ബാധകമല്ല. രണ്ട് തരം ഹാള്‍മാര്‍ക്കിങ്ങും തമ്മില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.