Sunday, November 24, 2024

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ വേഗം തിരിച്ചെത്തണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്തേക്ക് എത്രയും വേഗം തിരിച്ചെത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ നിര്‍ദ്ദേശം. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ഇവാന്‍ ഗെര്‍ഷ്കോവിച്ചിനെ റഷ്യ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗെര്‍ഷ്കോവിച്ചിനെ അറസ്റ്റ് ചെയ്ത റഷ്യയുടെ നടപടി അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘യുഎസ് പൗരന്മാരെ റഷ്യ ലക്ഷ്യം വയ്ക്കുന്നത് അംഗീകരിക്കാനാവില്ല. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നീക്കം ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ റഷ്യയില്‍ താമസിക്കുകയോ, യാത്ര ചെയ്യുകയോ ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ രാജ്യത്തേക്കു തിരച്ചുവരണം’ -ബ്ലിങ്കന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് അഭിഭാഷക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടറായ ഇവാന്‍ ഗെര്‍ഷ്കോവിച്ചിനെ കഴിഞ്ഞ ദിവസമാണ് റഷ്യന്‍ രഹസ്യന്വേഷണ വിഭാഗത്തിന്‍റെ ചുമതലയുള്ള ഫെഡറല്‍ സെക്യൂരിറ്റി വിഭാഗം ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്തത്. മോസ്കോ ബ്യൂറോയിലെ റഷ്യ, യുക്രൈന്‍ സോവിയറ്റ് രാജ്യങ്ങളിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടറാണ് ഗെര്‍ഷ്കോവിച്ച്. കസ്റ്റഡിയിലുള്ള മാധ്യമപ്രവര്‍ത്തകനെ നിലവില്‍ അന്വേഷണ വിധേയമായി ജയിലിലടയ്ക്കാന്‍ മോസ്കോ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റം സ്ഥിരീകരിച്ചാല്‍ 20 വര്‍ഷം വരെ ഗെര്‍ഷ്കോവിച്ചിനു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇക്കാലയളവില്‍ പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടാകുകയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News