Wednesday, March 12, 2025

ക്രൈസ്തവര്‍ക്ക് ഇന്ന് കൊഴുക്കട്ട ശനി ആചരണ ദിനം; കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി പരിചയപ്പെടാം

നോമ്പിന്റേയും പ്രായശ്ചിത്തത്തിന്റേയും ത്യാഗത്തിന്‍െയും അകമ്പടിയില്‍ ക്രൈസ്തവര്‍ ഇന്ന് കൊഴുക്കട്ട ശനിയാചരണം നടത്തുന്നു. കൊഴുക്കട്ട ശനിയുടെ മധുരം പകര്‍ന്നു കൊണ്ടാണ് ക്രൈസ്തവര്‍ വലിയ ആഴ്ചയിലേക്ക് നടന്നടുക്കുന്നത്. ക്രിസ്തുവിന്റെ കുരിശു മരണം പങ്കുവച്ചു നല്‍കിയ മധുരമൂറുന്ന സ്‌നേഹത്തിന്റെ ആസ്വാദനമാണ് ഈ ദിനാചരണത്തിലൂടെ അര്‍ത്ഥമാക്കുന്നത്. ഈ ദിനാചരണത്തിന്റെ പ്രധാന ഘടകമായ കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം…

കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി

ആവശ്യമുള്ള ചേരുവകള്‍ :

ശര്‍ക്കര – 250 ഗ്രാം

വെള്ളം (ശര്‍ക്കര അലിയിക്കാന്‍) – 3 /4 കപ്പ്

തേങ്ങ ചിരകിയത് – 2 കപ്പ്

ചുക്ക്, ജീരകം, ഏലക്കായ ഒരേ അളവില്‍ പൊടിച്ചെടുത്ത് – 1 ടീസ്പൂണ്‍

അരിപ്പൊടി (വറുത്തത്) – 1 കപ്പ്

വെള്ളം – 1 കപ്പ്

നെയ്യ് – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി :

ചുവടു കട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കരയും വെള്ളവും കുടി ചേര്‍ത്ത് അലിയിച്ചെടുക്കാം. നന്നായി അലിഞ്ഞ ശര്‍ക്കര പാനി അരിച്ചെടുത്തതിന് ശേഷം വീണ്ടും ഗ്യാസ് കുറച്ചു വച്ച് തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് തുടരെ ഇളക്കാം. ഇതിലേക്ക് ചുക്ക്, ഏലക്കായ, ജീരകം എന്നിവ പൊടിച്ചതും ഒരു നുള്ള് ഉപ്പും കുടി ചേര്‍ത്ത് വെള്ളം വറ്റി വരുന്നത് വരെ ഇളക്കികൊടുക്കാം. ഒത്തിരി വരണ്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊഴുകൊട്ടയുടെ ഉള്ളില്‍ വയ്ക്കാനുള്ള മിശ്രിതം തയ്യാറായി കഴിഞ്ഞു.

ഒരു കപ്പ് വറുത്ത അരിപ്പൊടി ഒരു പാത്രത്തില്‍ എടുത്തു വയ്ക്കാം. നന്നായി തിളച്ചു കൊണ്ടിരിക്കുന്ന ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേര്‍ത്തതിനുശേഷം അരിപ്പൊടിയിലേക്കു ഒഴിച്ച് ഒരു തവി ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കാം. ഇതിലേക്കു നെയ്യ് ചേര്‍ത്ത് കൊടുക്കാം. ചൂട് കുറഞ്ഞതിന് ശേഷം കൈ ഉപയോഗിച്ചും കുഴച്ചുകൊടുക്കാം.

കൊഴുകൊട്ടയുടെ പുറം തോടുണ്ടാക്കാനുള്ള മാവ് ചെറിയ ഉരുളകളാക്കി അതിനു നടുവിലായി കുഴിച്ചു ശര്‍ക്കര മിശ്രിതം ചേര്‍ത്ത് മുകള്‍ഭാഗം സാവധാനത്തില്‍ യോജിപ്പിച്ചു കൊടുക്കാം. കൈയില്‍ എണ്ണ പുരട്ടി കൊഴുകൊട്ട ഉരുട്ടിയെടുത്താല്‍ പൊട്ടി പോകാനുള്ള സാധ്യത കുറവാണ്.

എല്ലാ ഉരുളകളും ഉണ്ടാക്കിയതിനുശേഷം ആവിയില്‍ വേവിച്ചെടുത്താല്‍ രുചികരമായ കൊഴുകൊട്ട തയാറായി കഴിഞ്ഞു.

മിനു മഞ്ഞളി

 

Latest News