രാജ്യത്തെ പതിനൊന്നാമത്തെ ‘വന്ദേ ഭാരത് എക്സ്പ്രസ്’ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമര്‍പ്പിക്കും. ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനില്‍ ഉച്ച കഴിഞ്ഞ് 3.30 -നാണ് ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുക. സംയുക്ത കമാൻഡേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കാന്‍ മധ്യപ്രദേശില്‍ എത്തിയതാണ് പ്രധാനമന്ത്രി.
‘ഭോപ്പാൽ സന്ദർശന വേളയില്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രൂപത്തിൽ വലിയ സമ്മാനം നൽകും’ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അതേസമയം, പുതിയ വന്ദേ ഭാരത് എക്സപ്രസ് സര്‍വീസ് 708 കിലോമീറ്റർ ദൂരം ഏഴ് മണിക്കൂറും 45 മിനിറ്റും കൊണ്ട് പിന്നിടുമെന്നാണ് വിലയിരുത്തല്‍. പുലർച്ചെ 5:55 ന് റാണി കമലപതി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനു ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷനിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഉച്ചക്ക് 1.45-നു ന്യൂഡൽഹിയിലേക്ക് പോകും. മടക്കസമയത്ത്, വന്ദേ ഭാരത് എക്സ്പ്രസ് ന്യൂഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.45 ന് പുറപ്പെട്ട് രാത്രി 10.45 ന് റാണി കമലപതി റെയിൽവേ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
ആഗ്രയ്ക്ക് പുറമെ വീരാംഗന ലക്ഷ്മിഭായ് ഝാൻസി, ഗ്വാളിയോർ എന്നീ സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകുമെന്ന് ലൈവ്മിന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹസ്രത്ത് നിസാമുദ്ദീനും റാണി കമലാപതി സ്റ്റേഷനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിനു(ട്രെയിൻ നമ്പർ- 20172) 1665 രൂപയാണ് ടിക്കറ്റ് നിരക്ക്, ഇതിൽ ഓപ്ഷണൽ കാറ്ററിംഗ് ചാർജായി ₹308 രൂപയും ഉൾപ്പെടുന്നു. എക്‌സിക്യൂട്ടീവ് ക്ലാസിന്റെ വില ₹3120 ആണ്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ട്രെയിൻ സെറ്റ് അത്യാധുനിക യാത്രാ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. ട്രെയിൻ ഉപയോക്താക്കൾക്ക് വേഗതയേറിയതും സൗകര്യപ്രദവുമായ യാത്രാനുഭവം പ്രദാനം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വന്ദേ ഭാരത് എക്‌സ്പ്രസ് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.