ലോകത്തിനു മുഴുവന്‍ എളിമയുടെ മാതൃക നല്‍കിക്കൊണ്ട് കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്.
സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓശാനതിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഏഴുമണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും നടക്കും.
കോവിഡ് പകര്‍ച്ച വ്യാധി പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ വിശ്വാസികള്‍ക്ക് ദൈവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ സാധിക്കും എന്ന പ്രത്യേകതയുണ്ട് ഈ വര്‍ഷത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക്. അതിനാല്‍ തന്നെ ദൈവാലയങ്ങള്‍ കൂടുതല്‍ വിശ്വാസികള്‍ എത്തുമെന്നും കരുതുന്നു. വിശുദ്ധവാരാചരണം ഓശാനയിലൂടെ അതിന്റെ പൂര്‍ണ്ണമായ ഗൗരവത്തിലേയ്ക്ക് അടുക്കുകയുമാണ്.