സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവിതശൈലീ രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. ഒരു ആശുപത്രിയും കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനമുണ്ടാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തണം. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് പരിശോധനയ്ക്ക് അയക്കണം.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ രോഗലക്ഷണം ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഇന്‍ഫ്‌ലുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ നടത്തണം എന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.