Monday, November 25, 2024

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആര്‍എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ

പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആര്‍എല്‍വി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നായിരുന്നു വിക്ഷേപണം.

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ ആര്‍.എല്‍.വി പേടകത്തെ 4.6 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ചതിനുശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലിക്കോപ്റ്ററില്‍ നിന്നു സ്വതന്ത്രമായതിനുശേഷം ആര്‍എല്‍വി, സ്വയം സഞ്ചാരദിശയും വേഗതയും നിയന്ത്രിച്ച് ഡി.ആര്‍.ഡി.ഒയുടെ ടെസ്റ്റ് റേഞ്ചില്‍ 7.40 ഓടെ കൃത്യമായി ലാന്‍ഡ് ചെയ്തു. ഐഎസ്ആര്‍ഒയും, ഡിആര്‍ഡിഒയും സംയുക്തമായാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ എന്ന ആര്‍എല്‍വി റോക്കറ്റ് വിക്ഷേപിച്ചത്.

സ്വയം നിയന്ത്രിത സംവിധാനമാണ് ആര്‍എല്‍വി റോക്കറ്റിന്റെ പ്രത്യേകത. ബഹിരാകാശ ദൗത്യത്തിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു റോക്കറ്റിന്റെ വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി. തദേശീയമായി വികസിപ്പിച്ച നാവിഗേഷന്‍ സാങ്കേതിക വിദ്യയാണ് ആര്‍എല്‍വി റോക്കറ്റ് വിക്ഷേപണത്തിനും ഉപയോഗിച്ചത്. പരീക്ഷണത്തിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തികരിച്ചതായും ഇസ്റോ അറിയിച്ചു. സ്വയം നിയന്ത്രിത സംവിധാനത്തിലൂടെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമാണിത്.

Latest News