Monday, November 25, 2024

എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കും; നിര്‍ണായക തീരുമാനമെടുത്ത് ഒപെക് പ്ലസ് രാജ്യങ്ങള്‍

അന്താരാഷ്ട്രാ തലത്തില്‍ എണ്ണ ഉത്പാദനം സംബന്ധിച്ച് ഒപെക് പ്ലസ് രാജ്യങ്ങളുടെ നിര്‍ണായക തീരുമാനം. എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏറ്റവും പുതിയ തീരുമാനം. മേയ് ഒന്ന് മുതല്‍ ഈ വര്‍ഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തരവിപണയില്‍ എണ്ണയുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിശദീകരണം.

അടുത്തിടെ വിപണിയിലുണ്ടായ പ്രതിസന്ധികള്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം വരുത്തിയപ്പോള്‍ തന്നെ ഉത്പാദനത്തില്‍ വെട്ടിക്കുറയ്ക്കലിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം പല സാമ്പത്തിക വിദഗ്ധരും ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. യുഎസിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ബാങ്കിംഗ് പ്രതിസന്ധികള്‍ ക്രൂഡ് ഓയില്‍ വിപണിയെ ബാധിച്ചതായും വിലയിരുത്തലുകളുണ്ടായിരുന്നു.

നേരത്തെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബാരലിന് ഏകദേശം 140 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ അടുത്തായി വലിയ ഇടിവാണ് ഉണ്ടായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 79.89 ഡോളറിലേക്കാണ് വില കൂപ്പുകുത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Latest News