സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2022ലാണ്. പ്രതിമാസം പത്ത് കോടി രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ കൈക്കലാക്കുന്നത്. 2017ല്‍ 320 സൈബര്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
2018ല്‍ 340, 2019ല്‍ 307, 2020 -21ല്‍ 426 ഉം 626 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 2022ല്‍ കേസുകളുടെ എണ്ണം 815 ആയി ഉയര്‍ന്നു. 2023ല്‍ ഒറ്റ മാസം ഉണ്ടായത് 64 കേസുകള്‍. പണമിടപാടുകള്‍ ഡിജിറ്റലായതോടെ ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് അധികവും. കേരളത്തില്‍ നിന്ന് പ്രതിമാസം 10 കോടിയോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കുന്നത്.
നാഷണല്‍ ക്രൈം, സൈബര്‍ ക്രൈം പോര്‍ട്ടല്‍, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരത്തിലുള്ളവരാണ് ഇരകളിലേറെയും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ വിലാസങ്ങളിലെടുത്ത ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമാണ് സംഘങ്ങള്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും, വടക്കേ ഇന്ത്യയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രധാന പ്രതികളടക്കം നിരവധി കണ്ണികളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.