Tuesday, November 26, 2024

മതം നോക്കി ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിശ്ചയിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍

മതം നോക്കിയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി കേരളത്തിലെ രാഷ്ടീയ നേതാക്കള്‍ നിശ്ചയിക്കുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഈയിടെ നടന്ന രണ്ടു സംഭവങ്ങള്‍. ആദ്യത്തേത്, ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണമാണ്. രണ്ടാമത്തേത് കക്കുകളി നാടകവും. തുടര്‍ന്നു വായിക്കുക.

ജനുവരി ആദ്യവാരം കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചതിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. പരിപാടി അവതരിപ്പിച്ച മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേര്‍ക്കെതിരെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്.

മുസ്ലീം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്ലീം ലീഗായിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്. പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശ്യാവിഷ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇതിനെ പിന്തുണച്ചതോടെ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രഖ്യാപിച്ചു.

‘കക്കുകളി’ നാടകം വിവാദമായപ്പോള്‍ സംഭവിച്ചതോ?

ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന രീതിയിലുള്ള ‘കക്കുകളി’ നാടകം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണെന്നും നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും കെസിബിസി അടക്കം നിരവധി സംഘടനകളും സഭാസമൂഹങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നാടകം നിരോധിക്കരുതെന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. ഇത് സിപിഎം പത്രമായ ദേശാഭിമാനി ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

‘കക്കുകളി’ നാടകാവതരണ നിരോധന ഭീഷണിയ്ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും ജനാധിപത്യാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന നടപടിക്ക് തയാറാകരുതെന്നും സംസ്ഥാന സര്‍ക്കാരിനോടും സമിതി ആവശ്യപ്പെട്ടു. നാടകം നാടകത്തിന്റെ രീതിയില്‍ പോകുമെന്നും ‘കക്കുകളി’ നാടകാവതരണം വിലക്കേണ്ടതില്ലെന്നുമാണ് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പറഞ്ഞത്.

ഇരട്ടത്താപ്പ് അവസാനിപ്പിക്കുക

തലയില്‍ തുണിയിട്ട് നാടകം കളിച്ചാല്‍ മുസ്ലിം മതസ്ഥരെ അവഹേളിച്ചതിന് മതസ്പര്‍ദ്ദയ്ക്ക് കേസെടുക്കുന്ന അധികാരികള്‍ക്ക് സന്യാസ പൗരോഹിത്യ വേഷങ്ങള്‍ ധരിച്ച് ക്രൈസ്തവ അവഹേളന നാടകങ്ങള്‍ അവതരിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്യമായി വിലയിരുത്താന്‍ സാധിക്കുന്നതെങ്ങനെയാണ്. മുസ്ലിം മതസ്ഥരെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രംഗാവതരണം നിരോധിച്ചവര്‍, എന്തുകൊണ്ട് സന്യസ്തരേയും ക്രൈസ്തവരേയും ക്രൂരമായി കടന്നാക്രമിച്ചുള്ള നാടകാവതരണത്തിന് മൗനാനുവാദം നല്‍കുന്നു? ഇത് അക്ഷരാര്‍ത്ഥത്തില്‍ വിവേചനമാണ്.

കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട്, ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളേയും പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യമാക്കിയ ‘കക്കുകളി’ നാടകം വിവാദമായപ്പോള്‍ നാടകം അവതരിപ്പിക്കാനുള്ള അവകാശവും നാടകത്തെ വിമര്‍ശിക്കാനുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ടെന്ന് അഭിപ്രായപ്പെട്ട പാര്‍ട്ടി സെക്രട്ടറി എന്തുകൊണ്ടാണ് സ്വാഗതഗാനം വിവാദമായപ്പോള്‍ ഇതേ നിലപാട് സ്വീകരിക്കാത്തത്? ‘കക്കുകളി’ നാടകാവതരണം ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ ഭാഗമാണെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് സ്വാഗതഗാന അവതരണത്തെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാക്കാത്തത്? മുസ്ലിം ജനതയോടും ക്രൈസ്തവ വിശ്വാസികളോടും തികച്ചും വിഭിന്നമായ സമീപനം ഭരണപക്ഷ പാര്‍ട്ടി സ്വീകരിക്കുന്നത് അപലപനീയമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലപാട് ഇത്തരത്തിലുള്ള ഇരട്ടത്താപ്പല്ല. അത് സര്‍ക്കാരിനും അതിനെ നയിക്കുന്ന പാര്‍ട്ടിയ്ക്കും ഒരുപോലെ ദോഷം ചെയ്യും എന്നതാണ് യാഥാര്‍ത്ഥ്യം.

കെ. ജേക്കബ്

 

Latest News