ഫിന്‍ലന്‍ഡിന്‍റെ നാറ്റോ പ്രവേശനത്തിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പെറ്റെറി ഓര്‍പോയുടെ കൊയലീഷന്‍ പാര്‍ട്ടി (എന്‍ സിപി) ഭരണം ഉറപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന സന്നാ മരിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 19.9 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. രാജ്യത്ത് ഇത്തവണ ഭരണമാറ്റമുണ്ടാകുമെന്നു നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
പാര്‍ലമെന്‍റിലെ 200 സീറ്റുകളില്‍ 48 സീറ്റുകള്‍ നേടിയാണ് എന്‍സിപി, സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അധികാരം പിടിച്ചെടുത്തത്. 46 സീറ്റുകളോടെ നാഷണലിസ്റ്റ് ഫിന്‍സ് പാര്‍ട്ടി രണ്ടാം സ്ഥാനം പിടിച്ചപ്പോള്‍ ഭരണകക്ഷിയായ സന്നാ മരിന്‍റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ 43 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഫലപ്രഖ്യാപനത്തിനു പിന്നാലെ താന്‍ ജനവിധി മാനിക്കുന്നതായും, തോല്‍വി അംഗീകരിക്കുന്നതായും സന്നാ മരിന്‍ വ്യക്തമാക്കി.
2019ല്‍ അധികാരത്തിലേറുമ്പോള്‍ 37 വയസ്സുണ്ടായിരുന്ന മരിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. യുക്രെയിനിലെ റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ സൈനിക നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയിൽ ചേരാനുള്ള ചരിത്ര തീരുമാനമെടുത്തതും സന്നയായിരുന്നു.
അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പാർട്ടികൾക്കും 20 ശതമാനം വോട്ട് ലഭിച്ചതോടെ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്കും കഴിയില്ല. ഇതോടെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. പിന്നാലെ എന്‍സിപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ പെറ്റെറി ഓര്‍പോയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. നോർഡിക് രാജ്യമായ ഫിൻലൻഡ് പാർലമെന്റിലെ 200 സീറ്റുകളിലേക്ക് 22 പാർട്ടികളിൽ നിന്നായി 2,400-ലധികം സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.