പ്ലസ് ടു വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍നിന്നു മുഗള്‍ ചരിത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനു പിന്നില്‍ ഗൂഢ ഉദ്ദേശ്യങ്ങളില്ലെന്ന് എന്‍സിഇആര്‍ടി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അധ്യയനദിവസങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടിയുടെ ഭാഗമായാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതെന്നു എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് ശക്ലാനി പറഞ്ഞു.
ചില പാഠഭാഗങ്ങള്‍ വിവിധ വിഷയങ്ങളില്‍ ആവര്‍ത്തിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്ഥിരം സ്വീകരിക്കുന്ന നടപടി മാത്രമാണു പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനു പിന്നിലെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ വ്യക്തമാക്കി.
സിലബസ് വിദഗ്ധരുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാകും പുസ്തകങ്ങള്‍ ഇറക്കുകയെന്നും രാഷ്ട്രീയ താത്പര്യങ്ങളാണു എന്‍സിഇആര്‍ടിയുടെ നടപടിക്കു പിന്നിലെന്ന വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ വ്യക്തമാക്കി.