Monday, November 25, 2024

ഫിന്‍ലന്‍ഡിനു നാറ്റോയില്‍ അംഗത്വം; പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ സൈബര്‍ ആക്രമണം നടത്തി റഷ്യന്‍ ഹാക്കര്‍ സംഘം

നാറ്റോയില്‍ അംഗമായതിനു പിന്നാലെ ഫിന്‍ലന്‍ഡ് പാര്‍ലമെന്‍റ് വെബ്സൈറ്റിനു നേരെ സൈബര്‍ ആക്രമണം. ചൊവ്വാഴ്ച നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ച് അംഗത്വമെടുത്തതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന്‍റെ ഉത്തരവാദിത്വം റഷ്യൻ അനുകൂല ഹാക്കർ ഗ്രൂപ്പായ നോനെയിം 057 ഏറ്റെടുത്തു.

ഫിന്‍ലന്‍ഡ് നാറ്റോയില്‍ അംഗത്വം സ്വീകരിച്ചതിനെതിരെ പ്രതിഷേധമായിട്ടാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് നോനെയിം 057 അവകാശപ്പെടുന്നു. എന്നാൽ, സംഘത്തിന്‍റെ അവകാശവാദത്തിൽ വ്യക്തത വന്നിട്ടില്ല.

നാറ്റോ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഫിൻലൻഡ് വിദേശകാര്യമന്ത്രി ബന്ധപ്പെട്ട രേഖകൾ കൈമാറിയതോടെയാണ് അംഗത്വ നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് അംഗത്വം സ്വീകരിക്കുന്ന 31-ാമത്തെ രാജ്യമായി ഫിന്‍ലന്‍ഡിനെ പ്രഖ്യാപിച്ചു കൊണ്ട് നാറ്റോ ആസ്ഥാനത്ത് ദേശീയ പതാകയും ഉയര്‍ത്തി.

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സൈനിക നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയില്‍ അംഗത്വമെടുക്കാന്‍ ഫിന്‍ലന്‍ഡ് തയ്യാറാവുകയായിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന് തിരിച്ചടിയായിരിക്കുകയാണ് ഫിന്‍ലന്‍ഡിന്‍റെ ഈ തീരുമാനം.

Latest News