Sunday, November 24, 2024

മധു വധക്കേസില്‍ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ്

അട്ടപ്പാടി മധു വധക്കേസിലെ പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി. ആദ്യ പതിമൂന്നു പ്രതികള്‍ക്കാണ് ശിക്ഷയായി ഏഴു വര്‍ഷം കഠിന തടവ് കോടതി വിധിച്ചത്. കേസിലെ 16 പ്രതികളില്‍ പതിനാല് പേരേയും കുറ്റക്കാരെന്ന് കണ്ടെത്തുകയും ഇതില്‍ പതിമൂന്ന് പ്രതികൾക്കെതിരെ കോടതി നരഹത്യ കുറ്റം ചുമത്തുകയുമായിരുന്നു.

ഒന്നാം പ്രതി ഹുസൈന് ഏഴു വര്‍ഷം കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വന്ന് മുക്കാലിയിലെത്തിച്ചയാളാണ് ഒന്നാം പ്രതി ഹുസൈൻ. ഇയാൾ മധുവിൻറെ നെഞ്ചിലേക്ക് ചവിട്ടിയതായും മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീഴുകയും ചെയ്തെന്നാണ് കുറ്റപത്രം. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മധുവിനെ പിടിച്ചുകൊണ്ടുപോയത്. ക്രൂരമായ മര്‍ദ്ദനത്തിനു പിന്നാലെ മധു കൊല്ലപ്പെടുകയായിരുന്നു.

ഹുസൈനു പുറമേ രണ്ടാം പ്രതി മരയ്ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍, 16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. മുനീറിനെതിരെ തെളിഞ്ഞത് ബലപ്രയോഗം മാത്രമാണ്.

അതേസമയം, രണ്ട് പ്രതികളെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് വെറുതെ വിട്ടത്. കേസില്‍ കൂറ് മാറിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ശിക്ഷാ വിധിക്ക് പിന്നാലെ 13 പ്രതികളെയും തവനൂര്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.

Latest News