Sunday, November 24, 2024

ഗാസയിലും ലബനനിലും ഇസ്രായേല്‍ വ്യോമാക്രമണം

കിഴക്കന്‍ ജറുസലേമില്‍ അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം കനക്കുന്നതിനിടെ ഗാസയിലും ലെബനനിലും ഇസ്രായേലിന്റെ വ്യോമാക്രമണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. തെക്കന്‍ തുറമുഖ നഗരമായ ടയറിലെ അഭയാര്‍ഥി ക്യാംപിന് സമീപം സ്‌ഫോടനങ്ങള്‍ നടന്നതായി ലെബനനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാസയിലെ ഒന്നിലധികം പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമങ്ങള്‍ നടന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹമാസിനെ കൂടി ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലെബനില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇസ്രയേലിന്റെ നീക്കം. ആക്രമണങ്ങള്‍ നടത്തിയത് ഹമാസ് ആണെന്നായിരുന്നു ഇസ്രായേല്‍ ആരോപണം. നടപടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം. ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തോടെ പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി തുടരുകയാണ്.

മുപ്പതിനാലോളം റോക്കറ്റുകള്‍ ആണ് ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇതില്‍ 25 റോക്കറ്റുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതിനാല്‍ അഞ്ചെണ്ണം മാത്രമാണ് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പതിച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

 

Latest News