തായ്വാനെ വീണ്ടും സുരക്ഷാ ഭീഷണിയിലാക്കി ചൈനയുടെ സൈനിക അഭ്യാസം. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം തായ്വാന് ചുറ്റും സൈനിക അഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ തന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രഖ്യാപനം
തായ്വാന്‍ കടലിടുക്കിലും ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിലും ”കോംബാറ്റ് റെഡിനെസ് പട്രോളിങ്ങും” മറ്റഭ്യാസങ്ങളും നടത്തുമെന്ന് സൈന്യത്തിന്റെ ചൈനീസ് സേനയുടെ കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡ് (സൈനിക വിഭാഗം) പറഞ്ഞു. നേരത്തെ ആസൂത്രണം ചെയ്ത പോലെ തന്നെയായിരിക്കും അഭ്യാസാപ്രകടനങ്ങള്‍ നടക്കുകയെന്നും പിഎല്‍എ വ്യക്തമാക്കുന്നു.
ചൈനയുടെ എതിര്‍പ്പിനെ മറികടന്ന് യുഎസുമായി തായ്വാന്‍ ഭരണാധികാരികള്‍ നടത്തിയ ചര്‍ച്ചകളോട് എങ്ങനെയാകും ചൈന പ്രതികരിക്കുന്നതെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ നീക്കം.
തായ്വാന്റെ പൂര്‍ണ അധികാരം സ്വന്തമാക്കാന്‍ വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ബുധനാഴ്ച അമേരിക്കയില്‍ സായ് ഇങ്-വെന്നും യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും കൂടിക്കാഴ്ച നടത്തിയത്. യോഗത്തിന് പിന്നാലെ തായ്വാനുമായുള്ള ആയുധ ഇടപാട് തുടരുമെന്നു മക്കാര്‍ത്തി അറിയിച്ചിരുന്നു.