കേന്ദ്രസര്‍ക്കാരിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം. സര്‍ക്കാരിനെ കുറിച്ചുള്ള വാര്‍ത്തകളുടെ നിജസ്ഥിതി ഈ സംവിധാനം പരിശോധിക്കും. വ്യാജമെന്ന് കണ്ടെത്തുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാകും പുതിയ ചട്ടം.
വാര്‍ത്തകള്‍ നീക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഇതിലൂടെ കേന്ദ്ര സര്‍ക്കാരിനാകും. വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള പിഐബിയെ വസ്തുതാ പരിശോധനയ്ക്ക് ചുമതലപ്പെടുത്തും എന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനമാണ് ആലോചനയിലെന്ന സൂചന ഐടി മന്ത്രാലയം നല്‍കി.
വ്യാജ പ്രചാരണം ഒഴിവാക്കാനാണ് നടപടിയെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഉള്ളടക്കം തെറ്റെങ്കില്‍ അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം സാമൂഹ്യ മാധ്യമങ്ങള്‍ക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാനുള്ള ബിജെപിയുടെ നീക്കമാണ് പുതിയ സംവിധാനത്തിന് പിന്നിലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.