കയറ്റുമതി ചെയ്യുന്ന മാംസങ്ങള്‍ക്കും മാംസ ഉത്പന്നങ്ങള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ ഉത്പാദിപ്പിക്കുകയും സംസ്കരണം നടത്തുകയും പൊതിയുകയും ചെയ്താല്‍ മാത്രമേ ഹലാല്‍ മുദ്രയോടെ കയറ്റുമതി ചെയ്യാന്‍ സാധിക്കൂ.
ഹലാല്‍ നിബന്ധനകള്‍ ഉള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റേണ്ട ബാധ്യത നിര്‍മ്മാതാവ്, വിതരണക്കാരന് കയറ്റുമതിക്കാരന് എന്നിവര്‍ക്കുണ്ട്. നിലവില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സമിതികള്‍ക്ക് നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ സര്ട്ടിഫിക്കേഷന് ബോഡിയുടെ അംഗീകാരം നേടുന്നതിന് ആറുമാസം സമയപരിധി നല്‍കിയിട്ടുണ്ട്.
പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകള്‍, മാംസത്തിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടും. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നിന്നുള്ള മാംസവും മാംസ ഉല്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി) കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.