Tuesday, November 26, 2024

സ്വര്‍ഗാരോഹണ ദേവാലയം, ഒലിവുമല

ഒലിവുമലയില്‍ യേശു സ്വര്‍ഗാരോഹണം (ഉയിര്‍പ്പു തിരുനാളിനു ശേഷം നാല്‍പ്പതാംദിനം) ചെയ്ത സ്ഥലത്താണ് സ്വര്‍ഗാരോഹണ ദൈവാലയം നിര്‍മ്മിച്ചിരിക്കുന്നത്. പാത്തര്‍ നൊസ്തര്‍ ദേവാലയത്തിന് (സാന്ത എലയോന ദേവാലയം) തൊട്ടടുത്തണിത്. ഒലിവു മലക്ക് ബൈബിളില്‍ പല പ്രത്യേകതകളുണ്ട്. ജറുസലേം ദേവാലയത്തിന്റെ കിഴക്കുവശത്തുള്ള മലയാണ് ഒലിവുമല. ഇതേ ഒലിവുമലയില്‍ വച്ചാണ് ഈശോ സ്വര്‍ഗാരോഹണം ചെയ്യുന്നത്.

യേശു സ്വര്‍ഗാരോഹണം ചെയ്ത സ്ഥലത്ത് നാലാം നൂറ്റാണ്ടില്‍ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു. അഷ്ടഭുജങ്ങളുള്ള ഒരു ദേവാലയമായിരുന്നു അത്. തുറന്ന മേല്‍ക്കൂരയോടു കൂടിയുള്ള ഒരു നിര്‍മ്മിതി. യേശു സ്വര്‍ഗാരോഹണം ചെയ്തപ്പോള്‍ ചവിട്ടിനിന്ന പാറയുടെ മുകളിലായിരുന്നു അത് സ്ഥാപിക്കപ്പെട്ടത്. യേശു ആകാശത്തിലേക്കു പോകുന്നത് ശിഷ്യന്മാര്‍ നോക്കിനിന്നത് സൂചിപ്പിക്കാനായി മേല്‍ക്കൂരയില്‍ ഒരു തുറവിയിട്ടിരുന്നു. ഏഴാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട ഈ ദേവാലയം പുനര്‍നിര്‍മ്മിക്കപ്പെട്ടെങ്കിലും പത്താം നൂറ്റാണ്ടിലെ അറബ് ആക്രമണത്തെ അതിജീവിക്കാന്‍ അതിനായില്ല. ഇപ്പോഴുള്ളത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ നിര്‍മ്മിച്ച ദേവാലയത്തിന്റെ ഭാഗമാണ്.

നാലാം നൂറ്റാണ്ടിലെ ബൈസന്റെന്‍ ദേവാലയത്തിന്റെ മാതൃകയിലാണ് അവര്‍ ഈ ദേവാലയം നിര്‍മ്മിച്ചത്. അത് പന്ത്രണ്ട് ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു നിര്‍മ്മിതിയായിരുന്നു. ആദ്യ ദേവാലയം പോലെ അതിനും മേല്‍ക്കൂരയില്‍ ഉയര്‍ന്ന ഭാഗത്ത് ഒരു തുറവിയുണ്ടായിരുന്നെങ്കിലും പിന്നീട് സലദീന്‍ രാജാവ് പിടിച്ചെടുത്തപ്പോള്‍ (1187) ഇതൊരു മോസ്‌ക് ആക്കി മാറ്റുകയും മേല്‍ക്കൂര അടയ്ക്കുകയും ചെയ്തു. പിന്നീട് കപ്പേളയോടു ചേര്‍ന്ന് ഒരു മോസ്‌ക് നിര്‍മ്മിക്കുകയും കപ്പേള ക്രൈസ്തവരുടെ തീര്‍ത്ഥാടനത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു.

സ്വര്‍ഗാരോഹണ ദേവാലയത്തിനുള്ളില്‍ യേശു സ്വര്‍ഗാരോഹണം ചെയ്തപ്പോള്‍ ചവിട്ടിനിന്ന പാറയുടെ ഭാഗം കാണാവുന്ന രീതിയില്‍ സജ്ജീകരിച്ചുവച്ചിട്ടുണ്ട്. ഇപ്പോള്‍ മുസ്ലീങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ കപ്പേളയില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ ദിനം ക്രൈസ്തവര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനുള്ള അവകാശമുണ്ട്.

ഡോ. പോള്‍ കുഞ്ഞാനായില്‍

വിശുദ്ധ നാട്ടിലൂടെ യേശുവിലേയ്ക്ക്

 

Latest News