Monday, November 25, 2024

തായ്‌വാന്‍ കടലിടുക്കില്‍ സൈനികാഭ്യാസവുമായി ചൈന

തായ്‌വാന്‍ കടലിടുക്കിലെ മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന. യുഎസുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ തായ്പേയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചൈനയില്‍ സൈനികാഭ്യാസം കടുപ്പിച്ചത്. ലോസ് ആഞ്ചല്‍സില്‍ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.

മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു. 12 യുദ്ധക്കപ്പലുകളും 91 യുദ്ധവിമാനങ്ങളുമാണ് സൈനികാഭ്യാസത്തിന്റെ മൂന്നാംദിവസം ചൈന വിന്യസിച്ചതെന്ന് തായ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ ജെ- 15 യുദ്ധവിമാനവും ഉണ്ടായിരുന്നു. ‘ജോയന്റ് സോര്‍ഡ്’എന്ന പേരിലായിരുന്നു ചൈന സൈനികാഭ്യാസം നടത്തിയത്.

ചൈനീസ് മേഖലയായ ഷാന്‍ഡോംഗ് ജപ്പാനിലെ ഒകിനാവാന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള വെള്ളത്തില്‍ ഞായറാഴ്ച വ്യോമാക്രമണം നടത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായ്-മക്കാര്‍ത്തി കൂടിക്കാഴ്ചയോട് സഹകരിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചൈന സാമ്പത്തികഉപരോധവും യാത്രാവിലക്കുമേര്‍പ്പെടുത്തിയിരുന്നു. തായ്‌വാനെ എങ്ങനെയെങ്കിലും തങ്ങളുടെ അധീനതയിലാക്കണമെന്നാണ് ചൈനയുടെ ലക്ഷ്യം.

സ്വയംഭരണമേഖലയായ തായ്‌വാനുമായുള്ള നയതന്ത്രബന്ധം സമ്മര്‍ദത്തെ തുടര്‍ന്ന് മധ്യഅമേരിക്കന്‍ രാജ്യമായ ഹോണ്ടൂറാസ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ചൈനയുമായി പുതിയ ബന്ധത്തിന് തുടക്കമിട്ടു. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ മധ്യഅമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ബെലിസ് എന്നിവ സന്ദര്‍ശിക്കാനായി തീരുമാനിച്ചു. തുടര്‍ന്ന് സായ് ഇംഗ്-വെന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തായ്‌വാനും ജനങ്ങള്‍ക്കും യുഎസിന്റെ എല്ലാവിധ പിന്തുണയും മക്കാര്‍ത്തി ഉറപ്പുനല്‍കി. ഇതിനു പിന്നാലെ ചൈന സൈനികാഭ്യാസം പ്രഖ്യാപിക്കുകയായിരുന്നു.

Latest News