റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. പുടിന്റെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ നേരത്തെയും വാര്‍ത്താലോകം കീഴടക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തവണ അത്തരമൊരു സാഹചര്യം ഉറപ്പിക്കും വിധമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
വായില്‍ മരവിപ്പും കാഴ്ചക്കുറവും മൂലം പുടിന്‍ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആവശ്യമായ വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും യുക്രൈന്‍ യുദ്ധം അടക്കമുള്ള വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തുക തന്നെയാണ് പുടിന്‍ എന്നാണ് സൂചന. ജനറല്‍ എസ് വി ആര്‍ എന്ന ടെലഗ്രാം ചാനലാണ് പുടിന്റെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.
പുടിന്റെ ആരോഗ്യനില മോശമാണെന്ന സൂചന നല്‍കിക്കൊണ്ട് ചില വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊതുവേദികളിലെ പുടിന്റെ ഇടപെടലുകളില്‍ രോഗലക്ഷണം പ്രകടമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാലും റഷ്യയില്‍ നിന്ന് പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ യാതൊന്നും പുറത്തുവന്നിട്ടില്ല. പുടിന്റെ ശത്രുപക്ഷം നിരത്തുന്ന നുണ പ്രചരണമാണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല.