Sunday, November 24, 2024

വസ്തുനികുതി അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ ബാധകം

വസ്തു നികുതി അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ചു. 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ളതും അതില്‍ കുടുതലും എന്ന രീതിയില്‍ വീടുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ നികുതി നിരക്കുകള്‍ ബാധകമാവും.

വീടുകളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത് ആദ്യമായാണ്. പഞ്ചായത്തുകളില്‍ വീടുകളുടെ അടിസ്ഥാന നികുതി നിരക്കുകളിലാണ് കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നേരത്തേ ചതുരശ്ര മീറ്ററിന് കുറഞ്ഞ നിരക്ക് 3 രൂപയും കൂടിയ നിരക്ക് 8 രൂപയുമായിരുന്നത് യഥാക്രമം 6 രൂപയും പത്ത് രൂപയുമായി. 300 ചതുരശ്രമീറ്ററുകളില്‍ കൂടുതലാണെങ്കില്‍ 8 രൂപ മുതല്‍ 12 രൂപ വരെ നികുതി നിരക്ക് വര്‍ധനവുണ്ടാവും.

നഗരസഭകളിലാണെങ്കില്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 8 രൂപ മുതല്‍ 17 രൂപ വരേയും 300 ചതുരശ്ര മീറ്ററില്‍ കൂടുതലാണെങ്കില്‍ 10 രൂപ മുതല്‍ 18 രൂപ വരെയുമായിരിക്കും. കോര്‍പ്പറേഷനുകളില്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 10 രൂപ മുതല്‍ 22 വരേയും 300 ചതുരശ്ര മീറ്ററില്‍ കൂടുതലാണെങ്കില്‍ 12 മുതല്‍ 25 രൂപ വരേയുമാണ് നിരക്ക്. 2011 ലാണ് ഒടുവില്‍ അടിസ്ഥാന നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിച്ചത്.

സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്കാണ്. നിരക്കുകള്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം വര്‍ധിപ്പിക്കും. ഇതിന് പുറമേ കെട്ടിട പെര്‍മിറ്റ്, ലൈസന്‍സ് ഫീസ് എന്നിവ വര്‍ധിപ്പിച്ചതും ജനങ്ങള്‍ക്ക് തിരിച്ചടിയായി. മാര്‍ച്ച് 31 ന് അപേക്ഷ നല്‍കിയവര്‍ പോലും വന്‍തുക ഫീസായി അടക്കണം.

 

 

 

Latest News