ഗോമൂത്രം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമെന്ന് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (IVRI) പഠന റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. IVRI എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു മൃഗ ഗവേഷണ സ്ഥാപനമാണ്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) IVRI യില്‍ നടത്തിയ ഗവേഷണത്തിന് ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്ഡി വിദ്യാര്‍ത്ഥികളുമാണ് നേതൃത്വം നല്‍കിയത്.
ഗോമൂത്രവുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഗുജറാത്തിലെ താപി ജില്ലയിലെ ഒരു സെഷന്‍സ് കോടതി ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു : ”സാധാരണ നിലയ്ക്ക് ചികിത്സിക്കാന്‍ കഴിയാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ ഗോമൂത്രത്തിന് കഴിയും, കൂടാതെ ചാണകത്തിന് റേഡിയേഷനെ തടയാന്‍ കഴിയും. അതിനാല്‍ രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് ‘ എന്നായിരുന്നു.
അതേസമയം IVRIയില്‍ നടത്തിയ ഗവേഷണത്തില്‍ ഗോമൂത്രം ഉദരരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന Escherichia coli ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളില്‍ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. കൂടാതെ കുറഞ്ഞത് 14 ഇനത്തില്‍ പെട്ട മറ്റ് ദോഷകരമായ ബാക്ടീരിയകളും ഉണ്ടായിരുന്നു.
എരുമയുടെ മൂത്രമാണ് പക്ഷെ ഗോമൂത്രത്തേക്കാള്‍ ഫലപ്രദമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഭോജ് രാജ് സിംഗ് പറഞ്ഞു, ”പശു, എരുമ, മനുഷ്യര്‍ എന്നിവയുടെ 73 മൂത്ര സാമ്പിളുകളാണ് വിശകലനം ചെയ്തത്. എരുമയുടെ മൂത്രത്തിലെ ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനം പശുക്കളേക്കാള്‍ മികച്ചതാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്.
ഗോമൂത്രം മനുഷ്യര്‍ ഉപയോഗിക്കരുത് എന്നും, അത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല എന്നുമാണ് സിംഗിന്റെ അഭ്യര്‍ത്ഥന. ഗോമൂത്രം ഒരു ആന്റി ബാക്ടീരിയല്‍ പാനീയമാണെന്ന വിശ്വാസം ഒരിക്കലും ശാസ്ത്രീയമായി ശരിയല്ല. ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിക്കാം എന്നൊരു വാദം ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ കൂടുതല്‍ പഠനം നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിന്റെ മൂത്രം ബാക്ടീരിയ മുക്തമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രം. ഇത് മനുഷ്യ ഉപഭോഗത്തിന് ഒരിക്കലും ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി.
COVID-19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ഗോമൂത്രം അണുനാശിനിയായും മറ്റും ഉപയോഗിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രചരണങ്ങള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്ന് നിരവധി അവകാശവാദങ്ങള്‍ ഗോമൂത്രത്തെ സംബന്ധിച്ച് ഉയര്‍ന്ന് വന്നു. ആ സമയത്താണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഇത്തരം വില്‍പ്പനകള്‍ നടത്തുന്നത്.