മ്യാന്മറില് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടാള ഭരണത്തെ എതിര്‍ക്കുന്നവര്‍ പാര്‍ക്കുന്ന വടക്കു പടിഞ്ഞാറൻ മേഖലകളിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തില്‍ കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് വിവരം.
ചൊവ്വാഴ്ച പുലര്‍ച്ചെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ മ്യാന്മര് സൈന്യത്തിന്റെ യുദ്ധ വിമാനം ബോംബ് വര്‍ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഒരു ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ട് സ്ഥലത്ത് വെടിയുതിർക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ പട്ടാള ഭരണത്തെ എതിര്‍ക്കുന്നവരുടെ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും ഉൾപ്പെടുന്നുണ്ട്. 2021ൽ സൈന്യം അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂകിയെ പുറത്താക്കി ഭരണം ഏറ്റെടുത്തത്.
അതേസമയം, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. മ്യാൻമർ ജനതക്കെതിരായ അക്രമം അവസാനിപ്പിക്കാൻ സൈന്യത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ആക്രമണത്തെ ‘ഭീകരസേനയുടെ ഹീനമായ പ്രവൃത്തി’ എന്നാണ് പ്രതിപക്ഷ നാഷണൽ യൂണിറ്റി ഗവൺമെന്റ് വിശേഷിപ്പിച്ചത്.