റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകള്‍ക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതില്‍ 680 എണ്ണം എ.ഐ ക്യാമറകളാണ്. ഏപ്രില്‍ 20 മുതലാകും പുതിയ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് തുടക്കം കുറിക്കുക. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി റോഡപകടങ്ങള്‍ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിനാണ് കാമറ പ്രയോജനപ്പെടുക. എ.ഐ ക്യാമറ എത്തുന്നതോടെ ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റില്ലെങ്കില്‍ പിഴ കിട്ടും.
പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന് മുമ്പ് ഉപകരണങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തലവനും കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷനിലെ ഐടി വിഭാഗം വിദഗ്ധനും ഗതാഗത വകുപ്പിന് കീഴിലെ ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഐടി /കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഒരു അധ്യാപകനും ഉള്‍പ്പെടുന്ന സേഫ് കേരള പ്രോജക്റ്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.
കേടായ കാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കാനുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ പോലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്തല്ല എന്ന് ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഡാറ്റയും ക്യാമറ ഫീഡും പോലീസ് വകുപ്പിന് ആവശ്യാനുസരണം നല്‍കും.