Sunday, November 24, 2024

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം: സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ഉത്തരവ്

ജപ്പാനും കൊറിയൻ പെനിൻസുലയ്ക്കും ഇടയിലുള്ള കടലില്‍ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിനു സമീപത്തുനിന്നുമാണ് മിസൈൽ വിക്ഷേപിച്ചതെന്നാണ് വിവരം. മിസൈല്‍ പരീക്ഷണത്തിനു പിന്നാലെ ടോക്കിയോയിലെ ഹോക്കൈഡോ ദ്വീപിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു.

ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ ഏകദേശം 1,000 കിലോമീറ്റർ (620 മൈൽ) പറന്നതായാണ് ദക്ഷിണ കൊറിയൻ സൈന്യത്തിന്‍റെ വിലയിരുത്തല്‍. മിസൈലിന്റെ അപ്പോജി അല്ലെങ്കിൽ പരമാവധി ഉയരം വ്യക്തമല്ല. എന്നാല്‍ മിസൈൽ മധ്യദൂരമോ അല്ലെങ്കില്‍ ദീർഘദൂരമോ ആണെന്നു വിശ്വസിക്കപ്പെടുന്നതായും, ഇത് എത്ര ദൂരം പറന്നുവെന്ന് വ്യക്തമല്ലെന്നും അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അതേസമയം, ഉത്തരകൊറിയ പുലര്‍ച്ചെ നടത്തിയ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നു മുന്‍കരുതല്‍ നടപടിയായാണ് ഹോക്കൈഡോ ദ്വീപിലെ താമസക്കാരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മിസൈൽ ദ്വീപിനു സമീപം പതിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ജപ്പാൻ സര്‍ക്കാര്‍ ഹോക്കൈഡോ ദ്വീപിനുള്ള മുന്നറിയിപ്പ് പിൻവലിച്ചത്. മിസൈൽ വെള്ളത്തിൽ പതിച്ചതായി ജപ്പാൻ അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായി ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരകൊറിയൻ മധ്യദൂര മിസൈൽ രാജ്യത്തിന് മുകളിലൂടെ പറന്നതിനെ തുടർന്നായിരുന്നു ഇത്. ഈ വർഷം ഉത്തരകൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങളിൽ ഏറ്റവും പുതിയതാണ് വ്യാഴാഴ്‌ചത്തെ വിക്ഷേപണം. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനികാഭ്യാസങ്ങൾക്ക് മറുപടിയായി ഉത്തരകൊറിയ ഈ വർഷം 30 മിസൈലുകളാണ് ഇതിനോടകം വിക്ഷേപിച്ചത്.

Latest News