Monday, November 25, 2024

ചാറ്റ് ജിപിടിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വന്‍ തുക പരിതോഷികം നല്‍കുമെന്ന് ഓപ്പണ്‍ എഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പണ്‍ എഐ. എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപ്പണ്‍ എഐ. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 20,000 ഡോളര്‍ വരെ (16.39 ലക്ഷം രൂപ)യാണ് ഇവര്‍ പാരിതോഷികമായി നല്‍കുന്നത്.

ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയും നേരത്തെ ഇത്തരത്തിലുള്ള വാഗ്ദാനങ്ങളുമായി എത്തിയിരുന്നു. ചാറ്റ് ജിപിടിയിലുള്ള തെറ്റുകളും ബഗ്ഗുകളും റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 200 ഡോളര്‍ മുതല്‍ (16,000 രൂപ) പാരിതോഷികമായി ലഭിക്കും. ബഗുകള്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷിക തുക വാഗ്ദാനം ചെയ്യുന്നത്.

ഉപയോക്താക്കള്‍ക്ക് 20,000 ഡോളര്‍ വരെയുണ്ടാക്കാനുള്ള അവസരം കൂടിയാണിത്. ചാറ്റ് ജിപിടിയുടെ ചില പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് ഓപ്പണ്‍ എഐ ഗവേഷകരെ തേടുന്നതെന്നാണ് ബഗ് ബൗണ്ടി പ്ലാറ്റ്ഫോമായ ബഗ്ക്രൗഡിലുള്ള വിവരങ്ങള്‍ പറയുന്നത്. കൂടാതെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുമായി ഇവര്‍ കമ്മ്യൂണിക്കേഷന്‍ നടത്തുകയും ഡാറ്റ ഷെയര്‍ ചെയ്യുന്നതിനെകുറിച്ചും ഗവേഷകര്‍ അവലോകനം ചെയ്യേണ്ടി വരും.

ബഗ് ബൗണ്ടി പ്രോഗ്രാമുകളെ ആശ്രയിക്കുന്നത് സാധാരണയായി തങ്ങളുടെ സോഫ്റ്റ്വെയര്‍ സിസ്റ്റങ്ങളിലെ ബഗുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ പ്രോഗ്രാമര്‍മാരെയും എത്തിക്കല്‍ ഹാക്കര്‍മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്. ഓപ്പണ്‍ എഐയുടെ ഉള്ളടക്കം ഇതില്‍പ്പെടുന്നില്ല. ഇറ്റലിയില്‍ സ്വകാര്യതാ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ചാറ്റ് ജിപിടി നിരോധിച്ചിരിക്കുകയാണ്.

സാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് ചാറ്റ് ജിപിടി. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ജിപിടി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മനുഷ്യന്‍ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ് സൂചനകള്‍. ഇത്തരത്തിലുള്ള 20 പ്രഫഷനുകളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകള്‍ പോലും എളുപ്പത്തില്‍ പാസായി ചാറ്റ് ജിപിടി മികവ് തെളിയിച്ചത് വാര്‍ത്തയില്‍ ഇടം നേടിയതാണ്.

കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കുന്നത്. ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് ചാറ്റ് ജിപിടി തന്റെതായ ഇടം കണ്ടെത്തി. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍) ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മനുഷ്യനെ പോലെ പ്രതികരിക്കുന്ന എഐ ടൂളാണ്.

 

Latest News