ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ പൂര്‍ണ്ണകായ പ്രതിമ ഹൈദരാബാദില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 132-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രതിമ അനാച്ഛാദനം ചെയ്യും. അംബേദ്കറുടെ 125 അടി ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.
ഹൈദരാബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിന്റെ തീരത്താണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. ശില്‍പത്തിനു സമീപം തന്നെയാണ് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന തെലങ്കാന നിയമസഭാ സമുച്ചയവും. ഇതിനും അംബേദ്കറുടെ പേരു തന്നെയാണ് നല്‍കിയിരിക്കുന്നത്. 45.5അടി വീതിയും 465 ടണ്‍ ഭാരവുമുള്ള ശില്‍പത്തിന്‍റെ ചിലവ് 146 കോടിയാണ്.
119 നിയോജക മണ്ഡലങ്ങളിൽ നിന്നായി 35,000-ത്തിലധികം ആളുകൾ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ മുഖ്യാതിഥിയായി അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറും പങ്കെടുക്കും.