സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച നിര്‍മ്മിതബുദ്ധി ക്യാമറകള്‍ (എെഎ) പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഖജനാവിലേക്ക് കോടികള്‍ എത്തും. നിലവില്‍ ക്യാമറകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പിഴയീടാക്കാന്‍ തുടങ്ങിയിട്ടില്ല. എങ്കിലും ക്യാമറകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് കണ്ടെത്തുന്നത്.
ഇതിനോടകം 726 നിര്‍മ്മിതബുദ്ധി ക്യാമറകള്‍ മോട്ടോര്‍ വാഹനവകുപ്പ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനായി 232.25 കോടി രൂപ ചെലവിട്ടിട്ടുണ്ട്. എന്നാല്‍ ഈ തുക പിഴയീടാക്കി തുടങ്ങുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചു പിടിക്കാമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. നിലവില്‍ സംസ്ഥാന വ്യാപകമായി ഒരു ദിവസം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നുണ്ട്. ഇതേ രീതിയാണെങ്കില്‍ ഒരു നിയമലംഘനത്തിന് കുറഞ്ഞത് 500 രൂപ കണക്കില്‍, ഒരു ദിവസം അഞ്ചുലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 25 കോടി രൂപ പിഴത്തുകയായി ഖജനാവിലേക്ക് എത്തും.
അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്കും ഖജനാവിലേക്ക് പണം ഒഴുകിയെത്തും. അതേസമയം, ഒരേ കുറ്റത്തിനു ഒന്നിലധികം ക്യാമറകളില്‍ പിഴവന്നാല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തത വന്നിട്ടില്ല.