രാജ്യത്തു കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐഐടി കാണ്‍പൂര്‍ പ്രൊഫസര്‍ ഡോ. മനീന്ദ്ര അഗര്‍വാള്‍. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മേയ് മാസം പകുതിയോടെ കേസുകള്‍ അതിന്‍റെ ഉച്ചസ്ഥായില്‍ എത്തുമെന്നാണ് വിലയിരുത്തുന്നത്. 50 മുതല്‍ 60,000 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അഗര്‍വാളിന്‍റ പ്രവചനം.
കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതില്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഡോ. മനീന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നത്. വൈറസിനെതിരെ പോരാടാനുള്ള സ്വഭാവിക പ്രതിരോധശേഷി ആളുകളില്‍ കുറഞ്ഞതാണ് ഒന്നാമത്തെ കാരണം. കോവിഡിന്റെ പുതിയ വകഭേദം പ്രതീക്ഷിച്ചതിലും അതിവേഗം പടരുന്നത് മറ്റൊരു കാരണമായി അദ്ദേഹം വിലയിരുത്തുന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 11,109 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ 90 ശതമാനത്തിന് മുകളിലും ഉത്തര്‍പ്രദേശില്‍ 95 ശതമാനം ആളുകള്‍ക്കും സ്വാഭാവിക പ്രതിരോധശേഷി ഉണ്ട്. ‘നിലവിലെ സ്ഥിതി അനുസരിച്ച് വരും മാസങ്ങളില്‍ 50,000 കോവിഡ് കേസുകള്‍ രേഖപ്പെടുത്താം. വളരെ ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇതൊരു വലിയ കാര്യമല്ല’ ഡോ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. മിക്ക കേസുകളിലും രോഗലക്ഷണങ്ങള്‍ ലളിതമാണ്. ചുമയും ജലദോഷവുമുളള ആളുകള്‍ വീട്ടില്‍ തന്നെ ചികിത്സ തേടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, കോവിഡിനെ ഒരു സാധാരണ പനി പോലെയാണ് ചികിത്സിക്കേണ്ടത്. രണ്ടാം തരംഗത്തിലേത് പോലെ അപകടകരമാകില്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.