ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. അമേരിക്കയിലെ വാഷിംങ്ടണില്‍ നടന്ന ലോകബാങ്ക് വാര്‍ഷിക സമ്മേളനത്തില്‍ സ്ത്രീകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും മാല്‍പാസ് ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുന്നുവെന്നും മാല്‍പാസ് ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ ഏത് മേഖലകളിലും സ്ത്രീകള്‍ മുന്നേറുകയാണെന്നും ഡിജിറ്റല്‍ പണമിടപാട് മേഖലയിലും സ്ത്രീകള്‍ വളരെയധികം മുന്നേറിയെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. സ്ത്രീകള്‍ക്കായി ഇന്ത്യ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഒട്ടേറെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിന്റെ ഗുണഭോക്താക്കളില്‍ 68 ശതമാനത്തോളം സ്ത്രീകളാണെന്നും ധനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമാക്കിക്കൊണ്ട് കൂടുതല്‍ തുക സര്‍ക്കാര്‍ വിനിയോഗിക്കുന്നതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മുന്‍പ് 12 ആഴ്ച മാത്രമായിരുന്നു ശമ്പളത്തോടെ സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കിയിരുന്നത്, എന്നാല്‍ ഇന്ന് അത് 26 ആഴ്ച്ചയോളം നീട്ടിയതായും അവര്‍ വ്യക്തമാക്കി.