ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെ വധശ്രമം ഉണ്ടായതിനെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വസിക്കുന്നതായും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാന് പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി എറിഞ്ഞ സ്മോക്ക് ബോംബ് വേദിക്ക് സമീപം വീണുപൊട്ടി. ഫുമിയോ കിഷിദ പരിക്കില്ലാതെ രക്ഷപ്പെട്ടു. അക്രമിയെന്ന് കരുതുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ജപ്പാനില്‍ പൊതു പ്രവര്‍ത്തകരുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് നിലവിലെ പ്രധാനമന്ത്രിക്ക് നേരെയുള്ള ആക്രമണം.