Tuesday, November 26, 2024

സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ‘മനുഷ്യത്വ ഇടനാഴി’ യ്ക്ക് യുക്രൈന്‍-റഷ്യ ചര്‍ച്ചയില്‍ ധാരണ

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായപ്പോള്‍ മനുഷ്യത്വ ഇടനാഴി രൂപവത്ക്കരിച്ച് സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ധാരണയായി. സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ ഭക്ഷണവും മരുന്നും എത്തിക്കാനും ധാരണയായിട്ടുണ്ട്. മൂന്നാം ഘട്ട ചര്‍ച്ച ഉടന്‍ നടത്താന്‍ തീരുമാനമായെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ബെലാറസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ തീരുമാനമായതനുസരിച്ച് പൗരന്മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക മേഖലകള്‍ നിശ്ചയിക്കും. സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ‘യുദ്ധമില്ലാ മാനുഷിക ഇടനാഴി’ കളായി ചില മേഖലകള്‍ മാറ്റാനാണ് തീരുമാനിച്ചത്. ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക മേഖലകള്‍ ഉണ്ടാകും. അവിടെ സൈനിക നടപടികള്‍ ഒഴിവാക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യും.

വെടിനിര്‍ത്തലിനെക്കുറിച്ച് മൂന്നാംഘട്ട ചര്‍ച്ചയില്‍ സംസാരിക്കാമെന്നാണ് റഷ്യന്‍ പ്രതിനിധി അറിയിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് യുക്രെന്റെ പ്രതികരണം. മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Latest News