മില്‍മ പാലിന്‍റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പച്ച, മഞ്ഞ കവറുകളിലുള്ള പാലിന്‍റെ നിരക്കിലാണ് നാളെ മുതല്‍ വ്യത്യാസം വരുന്നത്. സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഒരു രൂപയാണ് മില്‍മ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
29 രൂപയുണ്ടായിരുന്ന മിൽമ റിച്ച് കവർ പാലിന് ഒരു രൂപ വര്‍ദ്ധിക്കുന്നതോടെ നാളെ മുതല്‍ 30 രൂപയാകും. മിൽമ സ്മാർട്ട് കവര്‍ പാല്‍ 24 രൂപയില്‍ നിന്നും 25 രൂപയായും ഉയരും. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് ആറു രൂപ നിരക്കിൽ വർധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മില്‍മ വില ഉയര്‍ത്തുന്നത്. എന്നാല്‍ കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല.
അതേസമയം, വില വർധിപ്പിച്ചാലും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണെന്നും മില്‍മ വ്യക്തമാക്കി. എന്നാല്‍ പാല്‍ വില വര്‍ദ്ധനവിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി മാധ്യമങ്ങളോട് പ്രതികരിച്ചു. വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.