Wednesday, May 14, 2025

ജറുസലേമിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ചര്‍ച്ച് കമ്മിറ്റി

ജറുസലേമിലെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചര്‍ച്ച് കമ്മിറ്റി. ജറുസലേമിലെ വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സന്യാസിമാര്‍, പുരോഹിതന്മാര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയാണ് ഉന്നത പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി വിമര്‍ശിച്ചത്. കുറേ ദിവസങ്ങളായി ഇസ്രായേല്‍ പോലീസ് ഹോളി സിറ്റി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി പറഞ്ഞു.

‘ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറില്‍ പ്രവേശിക്കുന്നവരുടെയും പങ്കെടുക്കുന്നവരുടെയും എണ്ണം കുറയ്ക്കാനും പള്ളികളോട് പോലീസ് ആവശ്യപ്പെട്ടു. ഇസ്രായേലി പോലീസ് നഗരത്തെ ഒരു സൈനിക ബാരക്കാക്കി മാറ്റി. കൂടാതെ എല്ലാ പ്രവേശന കവാടങ്ങളിലും ഹോളി സ്പല്‍ച്ചര്‍ ചര്‍ച്ചിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചു’, കമ്മിറ്റിയുടെ തലവന്‍ റാംസി ഖൗറി പറഞ്ഞു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുളള തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ജറുസലേമില്‍ ക്രിസ്ത്യാനികളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്ന് ഹോളി ലാന്‍ഡിലെ റോമന്‍ കത്തോലിക്കാ സഭയുടെ തലവന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ സമൂഹം വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തിന് ഇരകളാകുകയാണെന്നും ഇത് തീവ്രവാദികളെ ധൈര്യപ്പെടുത്തുന്ന സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News