Tuesday, November 26, 2024

ചാര ഉപഗ്രഹം തയ്യാര്‍: വിക്ഷേപണത്തിന് ഉത്തരവിട്ട് കിം ജോങ് ഉന്‍

തങ്ങളുടെ രാജ്യം തങ്ങളുടെ ആദ്യത്തെ സൈനിക ചാര ഉപഗ്രഹത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതായും രഹസ്യ തീയതിയില്‍ വിക്ഷേപണവുമായി മുന്നോട്ട് പോകാന്‍ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞു. സഖ്യകക്ഷിയായ ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങളും ഉത്തരകൊറിയയ്ക്കെതിരായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങളും പോലുള്ള ശത്രുതാപരമായ നയങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാനും തന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള കിമ്മിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള ഈ നിരീക്ഷണ സംവിധാനം.

ഉപഗ്രഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍, കിം ജോങ് ഉന്‍ രാജ്യത്തിന്റെ നാഷണല്‍ എയ്റോസ്പേസ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്‍ സന്ദര്‍ശിച്ചിരുന്നു. ഇന്റലിജന്‍സ് ശേഖരണ ശേഷി ഉറപ്പിക്കാന്‍ നിരവധി ഉപഗ്രഹങ്ങള്‍ ആവശ്യമാണെന്നും കിം പറഞ്ഞതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശത്രുസൈന്യത്തിന്റെ സൈനിക സാഹചര്യത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാനമെന്നും കിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്യോങാന്‍ പ്രവിശ്യയിലെ സോഹെ സാറ്റ്‌ലൈറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍ വച്ചായിരുന്നു ഉപഗ്രഹത്തിന്റെ അവസാനഘട്ട പരീക്ഷണം നടത്തിയത്.

 

Latest News