പാസ്വേഡ് ഷെയറിംഗ് നിര്‍ത്തലാക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്. പണമടയ്ക്കാത്തവര്‍ ഇനി നെറ്റ്ഫ്‌ലിക്‌സ് കാണണ്ട എന്നാണ് കമ്പനിയുടെ തീരുമാനം. മറ്റൊരാളുടെ പാസ്വേഡ് ഉപയോഗിച്ച് ഇനി നെറ്റ്ഫ്‌ലിക്‌സ് കാണാന്‍ സാധിക്കില്ല. സബ്‌സ്‌ക്രൈബേഴ്‌സിനെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 25 വര്‍ഷം നീണ്ടുനിന്ന ഡിവിഡി റെന്റല്‍ ബിസിനസ്സ് ഔദ്യോഗികമായി നെറ്റ്ഫ്‌ലിക്‌സ് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പുതിയ തീരുമാനം. നിക്ഷേപകര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ജൂലൈ മാസത്തോടെ യുഎസില്‍ ഉള്‍പ്പെടെ തീരുമാനം നിലവില്‍ കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
10 കോടിയിലധികം കുടുംബങ്ങള്‍ ഔദ്യോഗിക നിയമങ്ങള്‍ ലംഘിച്ച് പാസ്വേഡുകള്‍ പങ്കിടുന്നുവെന്നാണ് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിടുന്ന കണക്കുകള്‍. പാസ്വേഡ് ഷെയറിംഗ് കൂടിയതോടെ 2022ന്റെ ആദ്യ പകുതിയില്‍ ഒരു ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നെറ്റ്ഫ്‌ലിക്‌സിന് നഷ്ടമായത്. ഇതേ തുടര്‍ന്ന് ബിസിനസില്‍ മെച്ചപ്പെടാനുള്ള വഴികള്‍ തേടുകയായിരുന്നു കമ്പനി. നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധന വര്‍ഷാവസാനത്തോടെ ഈ പ്രതിസന്ധിക്ക് ആക്കം കുറച്ചെങ്കിലും ബിസിനസിലെ ഇടിവാണ് പുതിയ ചില മാറ്റങ്ങള്‍ കൂടി കൊണ്ടുവരണമെന്ന തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചത്.
കഴിഞ്ഞ വര്‍ഷം പരസ്യങ്ങള്‍ക്കൊപ്പം വിലകുറഞ്ഞ സ്ട്രീമിംഗ് ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചിരുന്നു. 116 രാജ്യങ്ങളിലാണ് മാര്‍ച്ച് വരെയുള്ള സേവനത്തിന് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തിയത്. കൂടുതല്‍ ആളുകള്‍ നെറ്റ്ഫ്‌ലിക്‌സ് സൈന്‍ അപ്പ് ചെയ്യാനായിരുന്നു ഇങ്ങനെയൊരു നീക്കം. തുടര്‍ന്നാണ് പാസ് വേഡ് ഷെയറിങ്ങും പണമടച്ച് മതിയെന്ന ആലോചനയിലേക്ക് കമ്പനി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ചില രാജ്യങ്ങളില്‍ പരീക്ഷണവും നടത്തിയിരുന്നു.