Tuesday, November 26, 2024

ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ മലയാളത്തിലെഴുതാം; നിര്‍ദ്ദേശവുമായി യുജിസി

ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാന്‍ കോളേജുകളില്‍ ചേരുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ നീക്കവുമായി യുജിസി. പരീക്ഷകള്‍ പ്രാദേശിക ഭാഷയില്‍ എഴുതുന്നതിനുള്ള അനുമതി ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാണ് യുജിസി പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ക്ക് യുജിസി അയച്ചതായാണ് വിവരം.

ഗ്രേസ് എൻറോള്‍മെന്‍റ് റേഷ്യോ അനുസരിച്ച് നിലവില്‍ 27 ശതമാനം ആളുകള്‍ മാത്രമാണ് ഉപരിപഠനത്തിനായി എത്തുന്നത്. എന്നാല്‍ ഇത് 2035 ഓടെ 50% എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് യുജിസിയുടെ ലക്ഷ്യം. ഇതിന്‍റെ ആദ്യഘട്ടമായി അധ്യാപനത്തില്‍ പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്നും, വിദ്യാർത്ഥികള്‍ക്ക് പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും യുജിസി ചെയര്‍മാന്‍ എം ജഗദിഷ്കുമാര്‍ നിര്‍ദ്ദേശിച്ചു.

വിവിധ കോഴ്സുകളുമായി ബന്ധപ്പെട്ടുള്ള പാഠ പുസ്തകങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നതിനും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ഒരോ സര്‍വ്വകലാശാലയും പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കുന്ന പാഠപുസ്തകങ്ങള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്നിവയുടെ കോപ്പികള്‍ യുജിസിക്കു കൈമാറാനും നിര്‍ദ്ദേശമുള്ളതായാണ് വിവരം. കൂടാതെ പരിഭാഷക്കു യോഗ്യരായ അധ്യാപകരുടേയും വിഷയ വിദഗ്ധരുടേയും വിവരങ്ങളും യുജിസിക്ക് കൈമാറണം.

അതിനിടെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍റെ ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷകള്‍ പ്രാദേശിക ഭാഷകളില്‍ കൂടി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടത്തുന്നത്.

Latest News