രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പുതിയ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65, 286 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് ഓരോ ദിവസവും ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 7,633 കേസുകളും ബുധനാഴ്ച 10,542 കോവിഡ് കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ രണ്ടു കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഗണ്യമായ വർധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 മണിക്കൂറിനിടയില്‍ 4.39% ല്‍ നിന്നും അഞ്ച് ശതമാനത്തിന് മുകളിലേക്ക് കുത്തനെ ഉയര്‍ന്നു. 29 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 4, 42, 61,467 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.