വേനലവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിനു തുറക്കും. ഇതിനു മുന്നോടിയായി പാഠപുസ്തകങ്ങളില്‍ 80% വിദ്യാലയങ്ങളില്‍ എത്തിച്ചതായാണ് വിവരം. അതേസമയം, എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20 നും മെയ് 25 ന് പ്ലസ് ടു ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷം വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി അടുത്ത ആഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. മെയ് 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ജൂണ്‍ ഒന്നിനു വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ 80 ശതമാനം പാഠപുസ്തകങ്ങളും എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പാഠപുസ്തകം തയ്യാറാക്കുന്നതില്‍ 25 ലക്ഷം വിദ്യാര്‍ത്ഥികള്‍ അഭിപ്രായം രേഖപ്പെടുത്തിയതായും, ഇന്ത്യയില്‍ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാമെന്നും മന്ത്രി പറഞ്ഞു. പുതിയ പാഠപുസ്തകം 2024ല്‍ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.