സംസ്ഥാനവ്യാപകമായി ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകള്‍ (എഐ) പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഒരുമാസം പിഴ ഈടാക്കില്ല. ക്യാമറയുമായി ബന്ധപ്പെട്ട് വേണ്ടത്ര ബോധവത്കരണം ലഭിച്ചില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. അതിനാല്‍ മെയ് 19 വരെ പിഴയീടാക്കില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
‘നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവര്‍ക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവര്‍ക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്‌നങ്ങളോ ഉണ്ടാകരുതെന്നു എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഒരു മാസം ബോധവത്കരണം നൽകാനാണ് തീരുമാനം, ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ല. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തും. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രിയും അറിയിച്ചു.
എന്നാല്‍ മേയ് 20 മുതല്‍ ഗതാതഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കുകയും ചെയ്യും. ഇരു ചക്ര വാഹനങ്ങളില്‍ കുട്ടികളാണെങ്കില്‍ പോലും രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ പിഴയീടാക്കുമെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടൻ ഉത്തരവിറക്കും. അടുത്ത മാസം മുതൽ ആർസി ബുക്കും ഡിജിറ്റലായി മാറും. സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകളാണ് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങൾക്ക് ഈടാക്കുക. ഇതിലൂടെ വാഹനം തടഞ്ഞ് നിർത്തിയുള്ള പരിശോധന വലിയ രീതിയിൽ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.