റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ സന്ദര്‍ശനം നടത്തി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ്. അധിനിവേശ മേഖലകള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നാറ്റോ സെക്രട്ടറി ജനറല്‍ യുക്രൈനില്‍ സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് രാജ്യം സന്ദര്‍ശിക്കുന്നത്. സെന്‍റ് മൈക്കിള്‍സ് സ്ക്വയറില്‍ എത്തിയ സെക്രട്ടറി ജനറല്‍, യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടു.
നാറ്റോ അംഗത്വം വേണമെന്ന ആവശ്യം യുക്രൈന്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണോ നാറ്റോ ജനറല്‍ സെക്രട്ടറിയുടെ സന്ദര്‍ശനമെന്നും സംശയിക്കുന്നുണ്ട്. എന്നാല്‍ യുക്രൈനെ നാറ്റോയില്‍ ചേര്‍ക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പു നല്‍കിയതായാണ് വിവരം. സ്വന്തം നിലയിലുളള പ്രതിരോധത്തിനു യുക്രൈനെ സഹായിക്കുന്നതാണ് നാറ്റോ സെക്രട്ടറി ജനറലിന്‍റെ സന്ദര്‍ശനമെന്നും വിലയിരുത്തലുകളുണ്ട്.