ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലികാ വിവാഹം നടക്കുന്നത് ഇന്ത്യയുള്‍പ്പടെയുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടാതെ നേപ്പാള്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബാലികാ വിവാഹങ്ങള്‍ നടക്കുന്നതെന്ന റിപ്പോര്‍ട്ടാണ് യുഎന്‍ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് യൂനിസെഫ് പുറത്തുവിട്ടത്. ലോകത്തെ ബാലികാ വിവാഹങ്ങളില്‍ 43 ശതമാനവും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ പതിനാറോളം പ്രദേശങ്ങളില്‍ നടത്തിയ സര്‍വേ അടിസ്ഥാനമാക്കിയാണ് യൂനിസെഫ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാണ്. അതേസമയം നേപ്പാളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 20 വയസാണ്. അഫ്ഗാനിസ്താനിലും പാകിസ്താനിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസുമാണ്.
വിവാഹത്തോടെ പഠനം ഉപേക്ഷിക്കുന്നതിന് വലിയൊരു വിഭാഗം പെണ്‍കുട്ടികള്‍ പ്രേരിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബാല്യവിവാഹം പെണ്‍കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അവകാശം സംരക്ഷിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് സര്‍വേ പരിഹാരമാര്‍ഗ്ഗമായി മുന്നോട്ടുവെയ്ക്കുന്നത്.