ആധാര്‍ ആധികാരികത പരിശോധിക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയ്ക്കുകൂടി കൈമാറി ചട്ടങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ സാമൂഹ്യക്ഷേമ പദ്ധതികളടക്കം വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ താല്‍പ്പര്യപ്പെടുന്നവരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനുള്ള അധികാരം സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും മാത്രമാണ്. പുതിയ ചട്ടങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്കുകൂടി ആധാര്‍ പരിശോധനയ്ക്കുള്ള അധികാരം കൈമാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
ആധാര്‍ കാര്‍ഡിനെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് പുതിയ നീക്കമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായം മെയ് അഞ്ചുവരെ അറിയിക്കാം. ആധാര്‍ പരിശോധന താല്‍പ്പര്യപ്പെടുന്ന സ്വകാര്യ ഏജന്‍സികള്‍ക്കും മറ്റും പുതിയ ചട്ടങ്ങള്‍ പ്രകാരം ഐടി മന്ത്രാലയത്തെ സമീപിക്കാം. ഇവരുടെ അപേക്ഷ പരിശോധിച്ച് സദുദ്ദേശ്യപരമെങ്കില് ഐടി മന്ത്രാലയത്തിന് അനുകൂല തീരുമാനം എടുക്കാം.