Tuesday, November 26, 2024

സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം

സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരുമെന്നു റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. സംഘര്‍ഷ ബാധിത രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാന്‍ യോഗത്തില്‍ തീരുമാനം ആകുമെന്നാണ് വിവരം.

നിലവില്‍ 4,000 ത്തില്‍ അധികം ഇന്ത്യക്കാര്‍ സുഡാനില്‍ ഉണ്ടെന്നാണ് കണക്കുകള്‍. സൈനിക – അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അയവില്ലാതെ തുടരുന്നതിനാല്‍ ജപ്പാനും, നെതര്‍ലന്‍ഡ്സും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനു നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുഡാനിലെ ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നത്.

സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ സുഡാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഭവനങ്ങളില്‍ തന്നെ തുടരാന്‍ ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി സര്‍ക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. സുഡാനിലെ സ്ഥിതി ആശങ്കയുണ്ടാക്കുന്നതിനാല്‍ സുരക്ഷിതമായ ഒഴിപ്പിക്കല്‍ നടത്താന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest News