മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാഴ്ചവെച്ച അസാമാന്യ ധൈര്യത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ ഗാലന്‍ട്രി അവാര്‍ഡ്, വിംഗ് കമാൻഡർ ദീപിക മിശ്രക്ക് നൽകി ആദരിച്ചു. സുബ്രതോ പാർക്കിലുള്ള എയർഫോഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐഎഎഫ് മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയാണ് അവാർഡ് വിതരണം ചെയ്തത്. ധീരതയ്ക്കുള്ള പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യോമസേനാ വനിതയാണ് രാജസ്ഥാൻ സ്വദേശിനിയായ ദീപിക.
വടക്കൻ മധ്യപ്രദേശിലുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചവരുടെ കൂട്ടത്തില്‍ ഹെലികോപ്റ്റർ പൈലറ്റായ ദീപികയും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 47 പേരുടെ ജീവനാണ് ഇവര്‍ സാഹസികമായി രക്ഷിച്ചത്. ലോ-ഹോവർ പിക്കപ്പും വിഞ്ചിംഗും ഉൾപ്പെടെ അപകടകരമായ രക്ഷാപ്രവര്‍ത്തനത്തില്‍ കരുത്തായി നിന്നത് ദീപികയുടെ മനോധൈര്യമായിരുന്നു എന്നും പ്രളയബാധിത പ്രദേശത്തെ പൊതുജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുകയും ചെയ്തതായി ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
ദീപിക മിശ്രക്ക് പുറമേ വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് യുദ്ധ സേവാ മെഡലും, 13 ഓഫീസർമാർക്ക് വ്യോമസേനാ മെഡലുകളും ലഭിച്ചു. വായുസേന മെഡല്‍ 13 പേര്‍ക്കും 30 വിശിഷ്ട സേവാ മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു. വ്യോമസേനയിൽ നിന്ന് 57 പേരും ആർമിയിൽ നിന്ന് ഒരാളും ഉൾപ്പെടെ ആകെ 58 പേര്‍ക്കാണ് രാജ്യത്തിന്റെ ആദരം ലഭിച്ചത്.